ബീഹാര്‍: വിവാഹച്ചടങ്ങുകള്‍ക്കിടെ വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍. തന്റെ കാമുകി വീട്ടുകാര്‍ ഉറപ്പിച്ച വധുവിന്റെ സഹോദരിയാണെന്ന് അറിഞ്ഞതോടെയാണ് വരന്‍ പിന്മാറിയത്. ബിഹാര്‍ ഛപ്ര സ്വദേശിയായ രാജേഷ് കുമാറും റിങ്കു കുമാരിയും തമ്മിലുള്ള വിവാഹത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
രാജേഷ് കുമാറിന്റെയും റിങ്കുവിന്റെയും വിവാഹം വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ചതാണ്. ശേഷമാണ് റിങ്കു തന്റെ പ്രണയിനി പുതുളിന്റെ സഹോദരിയാണെന്ന് രാജേഷ് അറിയുന്നത്. വീട്ടുകാര്‍ ഉറപ്പിച്ചതുകൊണ്ട് റിങ്കുവിനെ തന്നെ വിവാഹം ചെയ്യാന്‍ രാജേഷ് തീരുമാനിച്ചു.
എന്നാല്‍ വിവാഹദിവസം ചടങ്ങുകള്‍ തുടങ്ങിയതിനു പിന്നാലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് പുതുള്‍ ഭീഷണി മുഴക്കി. ഇതോടെയാണ് രാജേഷ് റിങ്കുവുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി. പോലീസിന്റെ ഇടപെടലോടെ രാജേഷ് തന്റെ പ്രണയിനി പുതുളിനെ തന്നെ വിവാഹം ചെയ്തു.