ചെന്നൈ: തമിഴ്നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600/600 മാര്‍ക്കും നേടി നന്ദിനി.
ഡിണ്ടിഗല്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എസ് നന്ദിനിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കി അഭിമാനമായത്.
തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ആറ് വിഷയങ്ങളിലും നന്ദിനി നൂറില്‍ നൂറ് മാര്‍ക്കാണ് നേടിയത്. നന്ദിനിയെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും നേരില്‍ അഭിനന്ദിക്കാനെത്തിയിരുന്നു.
സ്‌കൂളിലും വീട്ടിലും തന്റേതായ പദ്ധതികളും ടൈംടേബിളും തയ്യാറാക്കിയാണ് നന്ദിനി പഠിച്ചിരുന്നത്. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ പഠിക്കാന്‍ അധിക സമയവും കണ്ടെത്തിയിരുന്നു.
അച്ഛന്റെ കഠിനാധ്വാനമാണ് തനിക്ക് ഈ നിലയിലെത്താന്‍ സാധിച്ചതിന് പിന്നില്‍. പഠനം മുടക്കാത്ത അച്ഛന്് ഈ വിജയം സമ്മാനിക്കുന്നുവെന്നും നന്ദിനി പറയുന്നു. മരപ്പണിക്കാരനായ എസ് ശരവണകുമാറിന്റെയും വീട്ടമ്മയായ എസ് ബാനുപ്രിയയുടെയും മകളാണ് നന്ദിനി. ഇനി ചാര്‍ട്ടേഴ്‌സ് അക്കൗണ്ടന്‍സി പഠിക്കാനാണ് നന്ദിനിയ്ക്ക് ആഗ്രഹം. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു സഹോദരനും ഉണ്ട്.
തിങ്കളാഴ്ചയാണ് ഡിജിഇ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതി എട്ട് ലക്ഷത്തിലധികം പേരില്‍ 94.03 ശതമാനം വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. പെണ്‍കുട്ടികളുടെ വിജയശതമാനം 96.38 ആണ്. ആണ്‍കുട്ടികളില്‍ 91.45 ശതമാനം പേര്‍ വിജയിച്ചു.