ന്യൂഡൽഹി: ദ കേരള സ്റ്റോറി സിനിമ രാഷ്ട്രീയ പോരിന് വഴിയൊരുക്കിയതിനിടെ സിനിമയ്ക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പ്രത്യേക സ്‌ക്രീനിങ് നടത്തി സിനിമ കാണും. വെള്ളിയാഴ്ച ലഖ്‌നൗവിലായിരിക്കും പ്രദർശനം. നേരത്തെ മധ്യപ്രദേശ് സർക്കാറും നികുതി ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചിത്രം കണ്ട് പുകഴ്ത്തിയിരുന്നു. കർണാടക തിരഞ്ഞെടുപ്പിനിടെ പ്രചാരണ വിഷയമാക്കാനും മോഡി ശ്രമിച്ചിരുന്നു.
അതേസമയം, കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചതിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാർ നികുതി ഒഴിവാക്കിയത്. ബിജെപി ഭരണത്തിലുള്ള ഉത്തരഖണ്ഡിലും ചിത്രം ടാക്‌സ് ഫ്രീ ആക്കിയേക്കുമെന്നാണ് സൂചന.
നേരത്തെ, ദ കേരള സ്റ്റോറിയുടെ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാണ് രാജ്യമൊട്ടാകെയുണ്ടായത്. മതപരിവർത്തനവും തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്‌മെൻറുമെല്ലാം വിഷയമാകുന്ന ചിത്രം തെറ്റായ ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് വിവാദം ഉയരുകയാണ്.
'The Kerala Story' उत्तर प्रदेश में टैक्स फ्री की जाएगी।
— Yogi Adityanath (@myogiadityanath) May 9, 2023
നേരത്തെ, ചിത്രം കേരളത്തിൽ റീലീസ് ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ഹർജി കേരള ഹൈക്കോടതി നിരസിച്ചിരുന്നു. തിങ്കളാഴ്ച പശ്ചിമ ബംഗാൾ സർക്കാർ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു.