പട്‌ന: ജനങ്ങൾ നോക്കിനിൽക്കെ പാലത്തിന് അടിയിലുള്ള തോട്ടിലൂടെ ഒഴുകി എത്തിയത് നോട്ടുകെട്ടുകൾ. മലിനജലമാണെന്ന് ഓർക്കാതെ ജനങ്ങൾ പണം കണ്ട് അഴുക്കുചാലിലേക്ക് ഇറങ്ങുന്ന വീഡിയോ വൈറലാവുകയാണ്. ബിഹാറിലാണ് സംഭവം.
തലസ്ഥാനമായ പട്‌നയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറമിൽ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് പണം ഒഴുകി എത്തിയത്. മലിനജലത്തിലൂടെ എത്തിയ പണം പത്തു രൂപയുടെയും നൂറു രൂപയുടെയും കെട്ടുകളായിട്ടായിരുന്നു.
ആദ്യം മടിച്ചുനിന്നവർ പോലും പിന്നീട് പണം കൂടുതലെത്താൻ തുടങ്ങിയതോടെ കനാലിലേക്ക് ചാടി പണം കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. ആൾക്കൂട്ടം ക്രമാതീതമായതോടെ പോലീസെത്തിയാണ് എല്ലാവരേയും പിരിച്ചുവിട്ടത്. യുവാക്കളടക്കമുള്ളവരാണ് അഴുക്കുവെള്ളത്തിലേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.
If it is money, people will do anything. They waded sewage water in a canal in #Sasaram town in #Rohtas district of #Bihar to collect bundles of sodden, rotten currency notes. #India #Rupees #MoneyHeist pic.twitter.com/0NCCCHKf7u
— Dev Raj (@JournoDevRaj) May 6, 2023
അതേസമയം, കിട്ടിയത് വ്യാജനോട്ടുകളാണ് എന്നാണ് ചിലർ പറയുന്നത്. എന്നാൽ യഥാർഥ കറൻസി തന്നെയാണെന്നാണ് മറ്റു ചിലരുടെ അവകാശവാദം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷത്തിന് ശേഷം പ്രതികരിക്കാമെന്നുമാണ് പോലീസ് പറയുന്നത്.