തമിഴ്‌നാട്ടിൽ ചർച്ച ‘പത്ത് പേരെ കൊലപ്പെടുത്തിയ അരികൊമ്പൻ’; ആനയെ വിടാതെ നിരീക്ഷിച്ച് തമിഴ്‌നാട്; സിഗ്നലുകൾ കേരളം കൈമാറുന്നില്ലെന്ന് പരാതി

കുമളി: തമിഴ്‌നാട് അതിർത്തിയിൽ മേഘമലയിൽ വിഹരിക്കുന്ന അരികൊമ്പന്റെ ദൃശ്യങ്ങൾ പുറത്തെത്തിയതോടെ പരാതിയുമായി തമിഴ്‌നാട്. ആന അപകടകാരിയാണ് എന്നതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിക്കുന്നത്. എന്നാൽ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ് നിഷേധിച്ചു.

മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചിട്ടുണ്ട്. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും വിലക്കോ നിരോധനാജ്ഞയോ പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപ്പെട്ടിരുന്നു. എന്നാൽ, വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റി ഇവർ രക്ഷപ്പെടുകയായിരുന്നു. അരികൊമ്പനെ തിരിച്ചറിഞ്ഞത് കഴുത്തിലെ റേഡിയോ കോളർ കണ്ടതോടെയാണെന്ന് ഇവർ പറയുന്നു. തുടർന്ന് വനപാലകർ ആനയെ കാട്ടിലേക്ക് തന്നെ ഓടിച്ചു.

ഇതിനിടെ, അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ വിവരങ്ങൾ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വനപാലകർ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫിസർ ശിവാജി പറഞ്ഞു.

ALSO READ- 72 വയസുകാരനെ ഹണിട്രാപ്പിൽ പെടുത്തി; വീഡിയോ പ്രചരിപ്പിച്ച് വിദ്യാർത്ഥിനി; നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ മരണം തെരഞ്ഞെടുത്ത് വയോധികൻ; ഞെട്ടൽ

ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് അരികൊമ്പൻ പകലുണ്ടായിരുന്നത്. ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻതമിഴ്‌നാട്ടിലും ചർച്ചയാവുകയാണ്. 10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് പ്രദേശത്തെ ചർച്ചയിൽ പറയുന്നു.

പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് മേഘമലയിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങിയിട്ടില്ല. ഇതുകാരണം സഞ്ചാരികളെ നിയന്ത്രിക്കുന്നത് തുടരുകയാണ്.

Exit mobile version