മുംബൈ: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. മാസങ്ങളായി ഊന്നുവടി ഉപയോഗിച്ച് നടന്നിരുന്ന താരം ഊന്നുവടി പൂര്‍ണമായും ഉപേക്ഷിച്ചിരിക്കകയാണ്.
താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയിലാണ് ഊന്നുവടി വലിച്ചെറിഞ്ഞ് നടക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. വീഡിയോക്ക് താഴെ സൂര്യകുമാര്‍ യാദവ് അടക്കമുള്ള പ്രമുഖ താരങ്ങളൊക്കെ കമന്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴും ചികിത്സയില്‍ തന്നെയാണ് പന്ത്. ഏകദിന ലോകകപ്പ് ഉള്‍പ്പെടെ ഈ വര്‍ഷത്തെയും വരും വര്‍ഷത്തെയും നിര്‍ണായക മത്സരങ്ങളൊക്കെ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാണ്. അദ്ദേഹം എന്ന് സുഖം പ്രാപിച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലെത്തുമെന്ന് വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നു പുലര്‍ച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂര്‍ക്കിയിലെ വീട്ടിലേക്ക് ഡല്‍ഹിയില്‍ നിന്ന് കാറില്‍ തിരിച്ചതായിരുന്നു പന്ത്. ഡെറാഡൂണില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ഹരിദ്വാര്‍ ജില്ലയിലെ നര്‍സനില്‍ ഡിവൈഡറില്‍ ഇടിച്ച് കാര്‍ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.
അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക പരിചരണം നല്‍കിയ ശേഷം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പടെയുള്ള വിദഗ്ധ ചികിത്സ നല്‍കി. തുടര്‍ചികിത്സയ്ക്ക് പിന്നീട് മുംബൈയില്‍ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയില്‍ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.