ന്യൂഡല്‍ഹി: ഈയം അടങ്ങിയ മാഗിന്യൂഡില്‍സ് കഴിക്കണോ. നെസ്ലേയ്ക്കെതിരെ കോടതി. നെസ്ലേ ഇന്ത്യയ്ക്ക് എതിരെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാരത്തില്‍ സര്‍ക്കാര്‍ നല്‍കിയ കേസ് സുപ്രീംകോടതി പരിഗണനയില്‍. കമ്പനിയില്‍ നിന്ന് 640 കോടി രൂപ നഷ്ടപരിഹാരം തേടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
മാഗി ന്യൂഡില്‍സ് തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നും ഉല്‍പ്പന്നത്തില്‍ ഹാനികരമായ അളവില്‍ ഈയം കണ്ടെത്തിയതുമാണ് നെസ്ലേ ഇന്ത്യയ്ക്കെതിരെ ഉയരുന്ന ആരോപണം.
മൈസൂരിലെ കേന്ദ്ര ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധന റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് കേസ് തുടരാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും ഹേമന്ത് ഗുപ്തയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദ്ദേശിച്ചത്.
‘മാഗിയുടെ കൂടെ ഈയവും കഴിക്കേണ്ടി വരുന്നതെന്തുകൊണ്ടാണാണെന്ന്’ നെസ്ലേ വേണ്ടി ഹാജരായ അഭിഭാഷകനോട് ചന്ദ്രചൂഡ് ചോദിച്ചു. അനുവദനീയമായ അളവില്‍ മാത്രമെ മാഗിയില്‍ ഈയം അടങ്ങിയിട്ടുള്ളു എന്ന് അഭിഭാഷകന്‍ വാദിച്ചപ്പോഴാണ് ചന്ദ്രചൂഡ് ഇക്കാര്യം ചോദിച്ചത്.
2015ലാണ് മാഗിയില്‍ അപകടകരമായ അളവില്‍ ഈയം അടങ്ങിയതായി ആരോപണമുയര്‍ന്നത്. ഇതിന് പിന്നാലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പിന്നീട് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാഗിയുടെ സാമ്പിള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൈസൂരിലെ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു നിര്‍ദേശവും നല്‍കി. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂട്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വിശദമായി പരിശോധിച്ചത്.