ന്യൂഡൽഹി: കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മോഡി ‘ദ കേരള സ്റ്റോറി’ സിനിമയെ വാഴ്ത്തി പരാമർശം നടത്തി. കേരളത്തിലെ തീവ്രവാദ ഗൂഢാലോചന ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്നാണ് പറയുന്നതെന്ന് ബെല്ലാരിയിൽ പ്രധാനമന്ത്രി പറഞ്ഞു.
‘ഇക്കഴിഞ്ഞ ദിവസങ്ങളിലായി ദ കേരള സ്റ്റോറിയാണ് ചർച്ച. ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റോറിയെന്നാണ് പറയപ്പെടുന്നത്. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തിൽ തീവ്രവാദ ഗൂഢാലോചനകൾ എങ്ങനെ വളർത്തപ്പെടുന്നു എന്നത് ഈ സിനിമ അനാവരണം ചെയ്യുന്നു’,- എന്നാണ് മോഡിയുടെ വാക്കുകൾ.
ഭീകരതയ്ക്കും തീവ്രവാദ പ്രവണതയ്ക്കുമൊപ്പം നിന്നുകൊണ്ട് കോൺഗ്രസ് ഈ സിനിമയെ എതിർക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് തീവ്രവാദത്തെ മറയാക്കിയെന്നും മോഡി പറഞ്ഞു.
അങ്ങനെയുള്ള ഒരു പാർട്ടിക്ക് എന്നെങ്കിലും കർണാടകയെ രക്ഷിക്കാൻ കഴിയുമോയെന്നും ഭീകരാന്തരീക്ഷത്തിൽ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരും. കർണാടകയെ നമ്പർ വൺ ആക്കി മാറ്റാനുള്ള പാതയിലാണ് തങ്ങളെന്നും മോഡി അവകാശപ്പെട്ടു.