ഇംഫാൽ: ഗോത്ര വിഭാക്കാർക്കിടയിൽ ാരംഭിച്ച സംഘർഷം രൂക്ഷമായ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും റെയിൽവേ റദ്ദാക്കി. മണിപ്പുർ സർക്കാരിന്റെ അഭ്യർഥന മാനിച്ചാണിത്. നേരത്തെ തന്നെ മണിപ്പുർ സർക്കാർ ഇന്റർനെറ്റ് സർവീസുകൾ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
പിന്നാലെ അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഷൂട്ട് അറ്റ് സൈറ്റിന് ജില്ലാ ഭരണകൂടങ്ങൾക്ക് ഗവർണറും നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുന്നത്.
ഇതിനിടെ ഇംഫാലിൽവച്ച് ബിജെപി എംഎൽഎ വുങ്സെയിൻ വാൾട്ടെയേയും ഡ്രൈവറെയും ജനക്കൂട്ടം അക്രമിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചു. ചികിത്സയിൽ കഴിയുന്ന എംഎൽഎയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇംഫാലിൽ സെക്രട്ടേറിയേറ്റിൽ വെച്ച് മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷം മടങ്ങവെയാണ് ബിജെപി എംഎൽഎയ്ക്കുനേരെ അക്രമമുണ്ടായത്. കുകി വിഭാഗക്കാരനായ അദ്ദേഹം കഴിഞ്ഞ ബിജെപി സർക്കാരിൽ ഗോത്രവർഗകാര്യ മന്ത്രിയായിരുന്നു.
ഇതിനിടെ, സംഘർഷം ബാധിത പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന സൈന്യത്തിന്റെ നടപടി പുരോഗമിക്കുകയാണ്. സി-17 ഗ്ലോബ് മാസ്റ്റർ, എഎൻ 32 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് വ്യോമസേനയാണ് ഒഴിപ്പിക്കൽ നടത്തുന്നത്.
Discussion about this post