മുംബൈ: തനിക്ക് ഇന്ത്യയില്‍ വധഭീഷണിയുണ്ടെന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി കങ്കണ റണൗത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും കങ്കണ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും സല്‍മാന്‍ ഖാന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
‘ഞങ്ങള്‍ അഭിനേതാക്കളാണ്, സല്‍മാന്‍ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്, അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു. അതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ല. എനിക്ക് നേരെ വധഭീഷണി ഉണ്ടായപ്പോള്‍ എനിക്കും സര്‍ക്കാര്‍ സുരക്ഷ നല്‍കിയിരുന്നു. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. വിഷമിക്കേണ്ട കാര്യമില്ല,’ കങ്കണ വ്യക്തമാക്കി.
വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന് വൈ കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് നല്‍കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ യുഎഇയില്‍ താന്‍ സുരക്ഷിതനാണെന്നും, ഇന്ത്യയില്‍ ഒരു ചെറിയ പ്രശ്‌നമുണ്ടെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ ഗുരുതരമായ ഭീഷണിയുണ്ടെന്നും അതിനാലാണ് സുരക്ഷയൊരുക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ദുബായിലാണ് താരമിപ്പോഴുള്ളത്.