ന്യൂഡൽഹി: ചൈനീസ് സൈന്യവുമായി ഗാൽവൻ താഴ്വരയിലുണ്ടായ പോരാട്ടത്തിൽ വീരമൃത്യു വരിച്ച ധീര യോദ്ധാവ് നായിക് ദീപക് സിങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തിൽ ചേർന്നു. സേനയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ രേഖ ലഫ്റ്റനന്റ് ഓഫീസറായാണ് സൈന്യത്തിൽ ചേർന്നത്.
രേഖ, ദീപക് സിങ് രാജ്യത്തിനായി ജീവൻ വെടിഞ്ഞ അതേ കമാൻഡായ കിഴക്കൻ ലഡാക് കമാൻഡിലാണ് ചേർന്നിരിക്കുന്നത്. ‘അഭിമാനം, വീരനാരി’ എന്ന ഹാഷ്ടാഗോടെയാണ് ലഫ്റ്റനന്റ് കേണലായി രേഖ കമ്മിഷൻ ചെയ്ത വാർത്ത ഇന്ത്യൻ സൈന്യം പങ്കുവച്ചത്.
ലഫ്.കേണൽ രേഖയ്ക്ക് പുറമെ അഞ്ച് വനിതാ ഓഫിസർമാർക്കൂടി ശനിയാഴ്ച ക്മിഷൻ ചെയ്ത് സൈന്യത്തിന്റെ ഭാഗമായി. മധ്യപ്രദേശിലെ റെവാ ജില്ലയാണ് 24കാരിയായ രേഖയുടെ സ്വദേശം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് രേഖയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത്.
ഗാൽവനിൽ 2020ലുണ്ടായ സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യുവടഞ്ഞത്. ചൈനീസ് ആക്രമണത്തിൽ മാരകമായി മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ദീപകിനു മുറിവേറ്റത്.
സ്വന്തം പരുക്ക് വകവയ്ക്കാതെ 30ലേറെ സൈനികരുടെ ജീവൻ രക്ഷിക്കുകയായിരുന്നു നഴ്സായിരുന്ന ദീപക്. മരണാനന്തര ബഹുമതിയായി വീർചക്ര നൽകി രാജ്യം ദീപകിനെ ആദരിച്ചു.
Discussion about this post