ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ പാലുത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് കുട്ടികളുൾപ്പടെ പതിനൊന്ന് പേർ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലുധിയാനയിലെ ഗിയാസ്പുരയിലാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഞായറാഴ്ച രാവിലെ 7.15 ഓടെയാണ് വാതക ചോർച്ച സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേനാ വൃത്തങ്ങൾ അറിയിച്ചു. ഉടൻ സംഭവ സ്ഥലത്തെത്തിയപ്പോൾ ആളുകൾ റോഡിന്റെ വശങ്ങളിലും മറ്റുമായി ബോധമറ്റ് വീണ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്.
സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇവിടെയുള്ള ആളുകളെ മാറ്റുന്ന നടപടിയാണ് ഇപ്പോൾ അധികൃതർ നടത്തിവരുന്നത്. പാലുത്പ്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയായ ഗോയൽ മിൽക്ക് പ്ലാന്റിന്റെ കൂളിംഗ് സിസ്റ്റത്തിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്.