കിടപ്പറയില്‍ ചെയ്യുന്നതല്ല ഒരാളുടെ ഐഡന്റിറ്റി: ലൈംഗിക താല്‍പ്പര്യം ഐഡന്റിറ്റി കാര്‍ഡാക്കി കൊണ്ടുനടക്കേണ്ട; തുറന്നടിച്ച് കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: നിങ്ങള്‍ ലോകത്തിന് വേണ്ടി ചെയ്യുന്നതാണ് നിങ്ങളുടെ ഐഡന്റിറ്റി, അല്ലാതെ കിടപ്പറയില്‍ ചെയ്യുന്നതല്ലെന്ന് നടി കങ്കണ റണാവത്ത്. നിങ്ങള്‍ പുരുഷനോ സ്ത്രീയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലിംഗത്തില്‍പ്പെട്ടവരോ ആവട്ടെ. അത് മറ്റുള്ളവരെ ബാധിക്കുന്ന വിഷയമല്ല, അത് നിങ്ങളുടെ മാത്രം കാര്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിനുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് കങ്കണ ട്വിറ്ററിലൂടെ അഭിപ്രായ പ്രകടനം നടത്തിയത്.

‘നിങ്ങള്‍ പുരുഷനോ സ്ത്രീയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലിംഗത്തില്‍പ്പെട്ടവരോ ആവട്ടെ. അത് മറ്റുള്ളവരെ ബാധിക്കുന്ന വിഷയമല്ല, അത് നിങ്ങളുടെ മാത്രം കാര്യമാണ്. ഇപ്പോഴത്തെ കാലത്ത് അഭിനേത്രികള്‍, സംവിധായകന്‍ എന്ന വാക്കുകള്‍ പോലും ഉപയോഗിക്കാറില്ല. പകരം അഭിനേതാക്കളും സംവിധായകരും എന്നാണ് പറയുന്നത്. നിങ്ങള്‍ ലോകത്തിനുവേണ്ടി ചെയ്യുന്നതാണ് നിങ്ങളുടെ ഐഡന്റിറ്റി, അല്ലാതെ കിടപ്പറയില്‍ ചെയ്യുന്നതല്ല.

നിങ്ങളുടെ ലൈംഗിക താല്‍പ്പര്യം എന്തായാലും അത് കിടപ്പറയ്ക്കുള്ളില്‍ തന്നെ നില്‍ക്കണം. അല്ലാതെ ഐഡന്റിറ്റി കാര്‍ഡോ മെഡലുകളോ ആക്കി കൊട്ടിഘോഷിക്കരുത്. നിങ്ങളുടെ താല്‍പ്പര്യങ്ങളുമായി യോജിക്കാത്തവരുടെ കഴുത്ത് മുറിക്കാന്‍ കത്തിയുമായി അലഞ്ഞ് നടക്കരുത്. ‘- കങ്കണ കുറിച്ചു.

മാത്രമല്ല, മാതാപിതാക്കള്‍ കുട്ടികളോട് അവര്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കാനുള്ള മൂന്ന് ഉപദേശങ്ങളും കങ്കണ നല്‍കി. അവര്‍ ആരാണെന്ന് ചോദിച്ചാല്‍, അവരുടെ ശാരീരികാവസ്ഥയെ കുറിച്ചോ അല്ലാതെയോ കുഴപ്പങ്ങളുണ്ടാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കരുത്. പകരം,


1. സൂക്ഷ്മ കോശങ്ങള്‍ കൊണ്ട് ദൈവം സൃഷ്ടിച്ചതാണ് മനുഷ്യശരീരം എന്നവരെ ബോദ്ധ്യപ്പെടുത്തണം.

2. ഈ ലോകത്ത് എന്താകണമെന്ന് നീ ആഗ്രഹിക്കുന്നോ അതാകാന്‍ നിനക്ക് കഴിയും. അതിന് ഞാന്‍ നിന്നോടൊപ്പമുണ്ടായിരിക്കും. നിനക്ക് ഒരു വക്കീലോ ബഹിരാകാശയാത്രികനോ എന്തുവേണമെങ്കിലും ആകാം. അതിനായി ഉണര്‍ന്നിരിക്കുക. നിന്റെ തീരുമാനങ്ങള്‍ എന്തായാലും ഞാനത് അനുവദിക്കും.

3. വളരുമ്പോള്‍ നിറം, മുടി, ശബ്ദം, ലൈംഗിക താല്‍പ്പര്യങ്ങള്‍, കഴിവ്, വൈകല്യം തുടങ്ങി പലതും നിങ്ങള്‍ക്കുണ്ടായേക്കാം. ആളുകള്‍ നിന്നെ കണ്ട് അതിശയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തെന്ന് വരാം. ഓര്‍ക്കുക, ഇതിനൊന്നും നീയെന്ന വ്യക്തിയെ തളര്‍ത്താന്‍ അനുവദിക്കരുത്. ഇവയ്‌ക്കൊന്നും നിന്നെ നിര്‍വചിക്കാനുള്ള കഴിവില്ല.

Exit mobile version