മുംബൈ: ബോളിവുഡ് നടി ജിയാ ഖാനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ കാമുകനായ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്.
ജിയ ഖാന്റെ മരണത്തിന് ശേഷം 10 വർഷം കഴിഞ്ഞാണ് വിധി വരുന്നത്. 2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാൻ എഴുതിയ ആറുപേജുള്ള കുറിപ്പ് കണ്ടെത്തിയിരുന്നു.
തന്നെ കാമുകനായിരുന്ന സൂരജ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
തുടക്കം മുതൽ ജിയ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മുംബൈ പോലീസിന്റെ നിഗമനം. എന്നാൽ, തന്റെ മകൾ ജീവനൊടുക്കില്ലെന്നും കാമുകനായ സൂരജ് കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജിയാഖാന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തൽ.