‘പാല്‍നദി’ എന്ന പേരുള്ളതിനാലാണ് മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചത്; യോഗി ആദിത്യനാഥ്

മുസാഫര്‍നഗര്‍: മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചതില്‍ വിശദീകരണവുമായി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാലിന്റെ പേരില്‍ അറിയപ്പെട്ടിരുന്നതിനാലാണ് മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചതെന്ന് യോഗി വ്യക്തമാക്കി.

പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മഥുരയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

2017ന് മുമ്പ് മദ്യവും മാംസവും വില്‍പ്പന നടത്തിയിരുന്ന നഗരമായിരുന്നു മഥുര. എന്നാല്‍ ബിജെപി വന്നതോടെ ‘പാല്‍നദി’ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന വിശുദ്ധ നഗരത്തില്‍ എല്ലാം നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മദ്യവും മാംസവും വിറ്റിരുന്ന മഥുരയില്‍ ഇപ്പോള്‍ മില്‍ക്ക്ഷേക്കുകളും പച്ചക്കറികളുമാണ് വില്‍ക്കുന്നത്. വിശുദ്ധ നഗരത്തിന്റെ പവിത്രത നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

ബിജെപിയ്ക്ക് ആരോടും വിവേചനമില്ല. പക്ഷേ അരാചകത്വം അനുവദിക്കില്ലെന്നും പറഞ്ഞു. മുമ്പ് ഇവിടെ തോക്കുമായി നടന്ന് ആള്‍ക്കാര്‍ പണം പിടിച്ചുപറിക്കുമായരുന്നു. എന്നാല്‍ ഇപ്പോള്‍ ടാബ്ലെറ്റുകളുമായാണ് യുവാക്കള്‍ നടക്കുന്നത്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു കോടിയിലധികം ടാബുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്ന് വലിയ രീതിയില്‍ ജോലികള്‍ പദ്ധതിയിടുകയും നടപ്പാക്കുകയും ചെയ്യുന്നു.

കേന്ദ്രം, സംസ്ഥാനം, പ്രാദേശികവുമായി വികസനത്തിന് ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരുകളെ നല്‍കാന്‍ യോഗി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2023 ലെ ആഗോള നിക്ഷേപ ഉച്ചകോടിയില്‍ 35 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് യുപിയ്ക്ക് വന്നിരിക്കുന്നത്. ഇത് ബ്രിജ് മേഖലയില്‍ മാത്രം 50,000 പേര്‍ക്ക് തൊഴില്‍ അവസരം കിട്ടുമെന്നും പറഞ്ഞു. യോഗി ഫിറോസാബാദ്, ആഗ്ര എന്നിവിടങ്ങളിലും യോഗത്തില്‍ പങ്കെടുത്തു.

Exit mobile version