കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. മോദിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളിൽ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു.
പിന്നീട് ഉണ്ണി മുകുന്ദനെ താജ് മലബാർ ഹോട്ടലിലേക്കു പ്രധാനമന്ത്രി ക്ഷണിക്കുകയായിരുന്നു. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു. മോഡിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും തങ്ങൾ ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദൻ ഇൻസ്റ്റയിൽ കുറിച്ചു.
‘ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സർ. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനിൽ നിന്ന് ഇന്ന് നേരിൽ കണ്ടുമുട്ടാൻ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളിൽ നിന്ന് ഞാൻ ഇനിയും മോചിതനായിട്ടില്ല. വേദിയിൽ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണർത്തിയത്. അങ്ങനെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചു.’
‘താങ്കൾ നൽകിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാൻ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവർത്തിയിലേക്ക് കൊണ്ടുവന്ന് ഞാൻ നടപ്പിലാക്കും. ആവ്താ രെഹ്ഇൻസ്റ്റയിൽ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൂടാതെ, ഈ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് ഉണ്ണി മുകുന്ദൻ കൃഷ്ണ വിഗ്രഹം സമ്മാനിക്കുകയും ചെയ്തു. പണ്ട് മോഡിക്കൊപ്പം പട്ടം പറത്തിയ അനുഭവം ഒരിക്കൽ ഉണ്ണി മുകുന്ദൻ പങ്കിട്ടിരുന്നു
ഇന്നലെ നടന്ന യുവം-23 പരിപാടിയിൽ നടിമാരായ അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ വിജയ് യേശുദാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. നവ്യാ നായരുടേയും സ്റ്റീഫൻ ദേവസിയുടേയും കലാപരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. ഇവർക്കൊപ്പം സുരേഷ് ഗോപി, പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി തുടങ്ങിയ ബിജെപി സംസ്ഥാന നേതാക്കളും പരിപാടിക്കെത്തി.