കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പൂജ്യമാകണമെന്നാണ് ആഗ്രഹമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാധ്യമ പിന്തുണയും നുണകളും കൊണ്ട് അവര്‍ വലിയ ഹീറോയായി മാറിയിരിക്കുന്നു.
നിതീഷ് കുമാറിനോട് ഒരു അഭ്യര്‍ത്ഥന മാത്രമേയുളളു. ജയപ്രകാശ് നാരായണന്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനം ആരംഭിച്ചത് ബിഹാറില്‍ നിന്നാണ്. അതുകൊണ്ട് അവിടെ നമ്മള്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. അതിന് ശേഷം അടുത്തത് എന്താണെന്ന് തീരുമാനിക്കാമെന്നും നിതീഷ് കുമാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പറഞ്ഞു.
‘സര്‍വ്വ കക്ഷിയോഗത്തിന് മുമ്പ് നമ്മള്‍ നമ്മള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കണം. സഖ്യത്തിന് എതിര്‍പ്പൊന്നും ഇല്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. നമ്മള്‍ ഒരുമിച്ച് മുന്നോട്ട് പോകും. ഞങ്ങള്‍ക്ക് വ്യക്തിപരമായ ഇഷ്ടക്കേടില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ മമത ബാനര്‍ജി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമാണ് മമതയെ സന്ദര്‍ശിച്ചത്.
എല്ലാ പാര്‍ട്ടികളും ഒന്നിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ തയ്യാറെടുപ്പുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനില്ല. അവര്‍ സ്വന്തം പബ്ലിസിറ്റി മാത്രമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കളെ കണ്ട അന്ന് രാത്രി തന്നെ അരവിന്ദ് കെജ്രിവാളിനെ നിതീഷ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു. താന്‍ പൂര്‍ണ്ണമായും നിതീഷിനോടൊപ്പമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെജ്രിവാള്‍ പറഞ്ഞിരുന്നു. എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു നില്‍ക്കുകയും കേന്ദ്രത്തിലെ സര്‍ക്കാരിനെ മാറ്റുകയും ചെയ്യേണ്ടത് അത്യാവശമാണെന്നും അദ്ദേഹം പറഞ്ഞു.
ബിആര്‍എസിന്റെ കെ ചന്ദ്രശേഖര്‍ റാവുവിനെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജിയെയും കാണുന്ന ഉത്തരവാദിത്വം നിതീഷ് കുമാറിനാണ്. കോണ്‍ഗ്രസുമായുള്ള ബന്ധങ്ങള്‍ക്ക് ഇരുപാര്‍ട്ടികളും താല്‍പര്യക്കുറവ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇത് പ്രകാരമാണ് മമതയെ നിതീഷ് സന്ദര്‍ശിച്ചതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
#WATCH | West Bengal CM Mamata Banerjee says, “…If we have an all-party meeting in Bihar, we can then decide where we have to go next. But first of all, we have to give a message that we are united. I want BJP to become zero. They have become a big hero with media’s support and… pic.twitter.com/VypdTKuR8O
— ANI (@ANI) April 24, 2023