ചെന്നൈ: കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വീട്ടില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് വേണം. തമിഴ്‌നാട് സര്‍ക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ലൈസന്‍സ് നേടിയാല്‍ മാത്രമേ ഇനി മുതല്‍ ധൈര്യമായി വീട്ടിലെ പരിപാടികള്‍ക്ക് മദ്യം വിളമ്പാന്‍ കഴിയൂ.
ഹോം, പ്രൊഹിബിഷന്‍ ആന്റ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ മാസം പ്രത്യേക ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ക്‌ളബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രമായിരുന്നു മദ്യം വിളമ്പാനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം കോണ്‍ഫറന്‍സ് ഹാളുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ബാന്‍ക്വറ്റ് ഹാളുകള്‍, സ്‌പോര്‍ട്ട് സ്റ്റേഡിയങ്ങള്‍, വീട്ടുച്ചടങ്ങുകള്‍, ദേശീയ- അന്തര്‍ദേശീയ സമ്മേളനം, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവിടങ്ങില്‍ മദ്യം സൂക്ഷിക്കുകയും അതിഥികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വിളമ്പുകയും ചെയ്യാം.
ഇതിന്റെ ലൈസന്‍സിന് കുറച്ചുദിവസത്തേയ്ക്ക് മാത്രമായിരിക്കും സാധുത ഉണ്ടായിരിക്കുക. ലൈന്‍സന്‍സ് ഫീസ് ഒടുക്കിയതിനുശേഷം കളക്ടറുടെ അനുമതി ലഭിച്ചുകഴിഞ്ഞ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറോ അസിസ്റ്റന്റ് കമ്മിഷണറോ ആയിരിക്കും ലൈസന്‍സ് അനുവദിക്കുക.