ഭോപ്പാല്‍: സമൂഹ വിവാഹത്തിന് മുമ്പ് യുവതികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയ മധ്യപദേശില്‍ ബിജെപി സര്‍ക്കാര്‍ വിവാദത്തില്‍. ഡിന്‍ഡോറിയിലെ ഗദ്‌സരായ് ഏരിയയിലാണ് സംഭവം.
‘മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന’യ്ക്ക് കീഴിലുള്ള സമൂഹവിവാഹത്തിന് മുന്നോടിയായാണ് യുവതികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. 29 പെണ്‍കുട്ടികളില്‍ അഞ്ച് പേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം നടത്തിയില്ല.
സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മുമ്പൊരിക്കലും ഇത്തരം പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ഇത് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും അപമാനമായി മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും സംഭവത്തിനെതിരെ രംഗത്തെത്തി. ”ആരുടെ നിര്‍ദേശപ്രകാരമാണ് മദ്ധ്യപ്രദേശിലെ പെണ്‍മക്കളോട് ഇങ്ങനെ ചെയ്തത്? മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. പാവപ്പെട്ട ആദിവാസി വിഭാഗത്തിലെ പെണ്‍മക്കള്‍ക്ക് മുഖ്യമന്ത്രിയുടെ കണ്ണില്‍ മാന്യതയില്ലേ? മുഴുവന്‍ സ്ത്രീകളോടുമുള്ള വിദ്വേഷപരമായ മനോഭാവവും കൂടിയാണ് ഇവിടെ പ്രകടമാവുന്നത്.” എന്ന് കമല്‍നാഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.