ലക്‌നൗ: പിതാവിന്റെ കാറുമായി റോഡിലിറങ്ങി അഭ്യാസം കാണിച്ച 19 കാരന് 1.33 ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പൊതുനിരത്തില്‍ കാര്‍ കൊണ്ട് അഭ്യാസം നടത്തിയതിനാണ് പിഴ ലഭിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
നാലുവരി പാതയിലൂടെ വേഗത്തില്‍ വരുന്ന വാഹനം ഡീവിയേഷന് സമീപത്തുനിന്ന് ഡ്രിഫ്റ്റ് ചെയ്ത് എതിര്‍ദിശയിലേക്ക് വരുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. ഒറ്റവരി പാതയിലൂടെ വാഹനമോടിച്ച ശേഷം എതിര്‍ദിശയിലേക്ക് കയറി കാര്‍ ഡ്രിഫ്റ്റ് ചെയ്ത് നിര്‍ത്തുന്നതാണ് വീഡിയോയുടെ അടുത്ത ഭാഗം. ഹ്യുണ്ടായി എലൈറ്റ് ഐ20 വാഹനമാണ് അഭ്യാസത്തിന് ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി ആളുകള്‍ നടപടി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് വീഡിയോ പരിശോധിച്ച് വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി വാഹനത്തിന്റെ വിവരം ശേഖരിച്ചതോടെ സ്ഥിരമായി നിയമലംഘനം നടത്തുന്ന വാഹനമാണിതെന്ന് തിരിച്ചറിഞ്ഞു. ഉടമയുടെ വിലാസം അന്വേഷിച്ചതോടെ 19കാരനാണ് വാഹനം ഓടിച്ചതെന്ന് മനസ്സിലായി.
ശ്യാംവീര്‍ എന്നയാളാണ് വാഹനമോടിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. കാര്‍ അയാളുടെ പിതാവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വ്യക്തമായി. ഇയാളെ അറസ്റ്റ് ചെയ്തതിനൊപ്പം വാഹനവും പോലീസ് പിടിച്ചെടുത്തു.