ബംഗളൂരു: കര്‍ണാടക വ്യവസായ മന്ത്രി മുരുഗേഷ് നിരാനിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അനധികൃതമായി സൂക്ഷിച്ച പുരാതന വെളളി വിളക്കുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. ബാഗല്‍കോട്ട് ബില്‍ഗി മണ്ഡലത്തില്‍ നിന്നുളള ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുരുഗേഷ് നിരാനി.
മുധോള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫാക്ടറി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 963 പുരാതന വെളളി വിളക്കുകള്‍ പിടിച്ചെടുത്തത്. വിളക്കുകള്‍ 21.45 ലക്ഷം രൂപയുടെതാണ്. 28 കിലോഗ്രാം ഭാരമുള്ള വെള്ളി വിളക്കുകള്‍ പിടിച്ചെടുത്തതായാണ് വിവരം.
വെള്ളിയാഴ്ച നിരാനിയുടെ പഞ്ചസാര ഫാക്ടറിയില്‍ വെളളിക്ക് പുറമേ നിന്ന് 1.82 കോടി രൂപയും 45.25 ലക്ഷം രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. പ്രതികള്‍ ബിജെപിക്കാരാണെന്നും നിരനി ഷുഗര്‍ ഫാക്ടറി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ളവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ മീണ പിടിഐയോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിസി സെക്ഷന്‍ 171 എച്ച് പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകള്‍ക്കാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരുടെ സ്വത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന വിവരങ്ങള്‍ പുറത്ത് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇക്കൂട്ടത്തില്‍ മുരുഗേഷ് നിരാനിയും ഉള്‍പ്പെട്ടിരുന്നു.
മന്ത്രിയുടെ ജംഗമ ആസ്തി 16 കോടിയില്‍ നിന്ന് 27.22 കോടി രൂപയായപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാവര സ്വത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4.58 കോടിയില്‍ നിന്ന് 8.6 കോടിയായി ഉയര്‍ന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല നിരാനിയുടെ ജംഗമ ആസ്തി 2018ല്‍ 11.58 കോടിയില്‍ നിന്ന് 38.35 കോടിയായും ഉയര്‍ന്നിരുന്നു.