ജയ്പൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച് ഒരാള്‍ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. ശിവദയാല്‍ ശര്‍മ്മ എന്നയാളാണ് മരിച്ചത്. ട്രാക്കില്‍ മൂത്രമൊഴിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു ഇയാള്‍.
രാജസ്ഥാനിലെ അല്‍വാറിലെ ആരവലി വിഹാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 23 വര്‍ഷം മുമ്പ് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഇലക്ട്രീഷ്യനായി വിരമിച്ച ആളാണ് മരിച്ച ശിവദയാല്‍ ശര്‍മ്മ. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരണപ്പെട്ടു. ശിവദയാലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റില്‍ നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ട്രാക്കിലൂടെ പോകുകയായിരുന്ന പശുവിനെ ഇടിച്ചുവീഴുത്തുകയും പശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം 30 മീറ്റര്‍ അകലെ ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ശിവദയാലിന്റെ മുകളിലേക്ക് വീഴുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.
വന്ദേഭാരത് ട്രെയിന്‍ പല റൂട്ടുകളിലും കന്നുകാലികളെ ഇടിച്ച് തെറിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മുംബൈ-ഗുജറാത്ത് റൂട്ടിലാണ്. ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുംബൈ-ഗാന്ധിനഗര്‍ വന്ദേഭാരത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ കന്നുകാലികളുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. മുംബൈ-ഗാന്ധിനഗര്‍ റൂട്ടിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.