ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലെത്തിയിരിക്കുകയാണ്. സ്ഥാനാര്‍ഥികള്‍ പലരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. എച്ച്ഡി കുമാരസ്വാമിയ്‌ക്കെതിരെ നിലവില്‍ എംപിയായ സുമലത മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയില്‍ കൂടി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി സുമലത മത്സരിച്ചേക്കും.
പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും സുമലത പറഞ്ഞു. നേരത്തേ ബിജെപിക്ക് സുമലത തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാണ്ഡ്യയില്‍ ആര് വന്നാലും അതിനെ നേരിട്ട് ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് സുമലത പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നില്ലെങ്കിലും സുമലത ഇത്തവണ ബിജെപിക്കൊപ്പമാണെന്ന് വ്യക്തമാക്കിയതാണ്. മാണ്ഡ്യ മേഖലയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം തന്നെ ആകര്‍ഷിച്ചുവെന്നും സുമലത പറഞ്ഞിരുന്നു.
2019-ല്‍ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ തോല്‍പിച്ചാണ് മാണ്ഡ്യയില്‍ സുമലത അട്ടിമറി വിജയം നേടിയത്. എന്നാല്‍ മണ്ഡലത്തില്‍ കടുത്ത വിരുദ്ധവികാരം നിലവില്‍ സുമലത നേരിടുന്നുണ്ട്. ഇനിയൊരു തവണ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് സുമലത തിരിച്ചറിയുന്നുണ്ട്. അതിനാലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ബിജെപി പിന്തുണയോടെ ഇറങ്ങാന്‍ സുമലത ആലോചിക്കുന്നത്. മകന്‍ അഭിഷേക് അംബരീഷിനൊപ്പം മാണ്ഡ്യയില്‍ ബിജെപിക്ക് വേണ്ടി സജീവ പ്രചാരണത്തിലാണ് ഇപ്പോള്‍ സുമലത.