ഹൈദരാബാദ്: നടന്‍ പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ഹൈദരാബാദ് കോടതിയില്‍. വസ്തു വകകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച നോട്ടീസ് നല്‍കാതെയാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്റെ പിതാവ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്റെ ഹര്‍ജി കോടതി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കി. സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു.
സര്‍ക്കാറിന് വേണ്ടി ഹാജരായ വക്കീല്‍ പ്രഭാസ് ഭൂമി തട്ടിപ്പുകാരനാണെന്ന് വാദിച്ചു. പ്രഭാസിന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഏക്കര്‍ കണക്കിന് വരുന്ന വസ്തുവില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുവെന്നും സ്പെഷ്യല്‍ പ്രോസീക്യൂട്ടര്‍ പറയുന്നു. അനന്ത്പൂര്‍ ജില്ലയിലെ റായ്ദര്‍ഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്.
ഒഴിപ്പിക്കാനായി പ്രഭാസിന്റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്ക് കടക്കാന്‍ ശ്രമിച്ചില്ലെങ്കിലും ആള്‍ക്കാരെ കാണാത്തതിനാല്‍ നോട്ടീസ് പതിപ്പിച്ച് സംഘം മടങ്ങുകയായിരുന്നു.