ജനീവ: ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറാൻ ഒരുങ്ങി ഇന്ത്യ. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നും ചൈനയുടെ ജനസംഖ്യയെ മറികടക്കുമെന്നുമാണ് യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) ഏറ്റവും പുതിയ ഡാറ്റയിൽ പറയുന്നത്.
നിലവിൽ 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2022-ൽ 144.85 കോടിയായിരുന്നു ജനസംഖ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയിൽ 1.56 ശതമാനം വളർച്ചയുണ്ടായി. 2022ൽ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 2023 മധ്യത്തോടെ 34 കോടി ജനസംഖ്യ കൂടിയാണ് അമേരിക്കയിൽ പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിലെ രേഖകൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ജനസംഖ്യയിൽ ചൈനയെ ഈ മാസം തന്നെ മറികടക്കുമെന്ന് യുഎൻ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അതിന് കൃത്യത ഇല്ലാത്തത് ചൈനയിലേയും ഇന്ത്യയിലേയും സെൻസസ് വിവരങ്ങൾക്ക് വ്യക്തയില്ലാത്തത് കൊണ്ടാണെന്ന് യുഎൻ പറയുന്നു.
2011-ലാണ് ഇന്ത്യയിൽ ഏറ്റവും അവസാനമായി സെൻസസ് നടന്നത്. 2021-ൽ നടക്കേണ്ട സെൻസസ് അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഇന്ത്യയിൽ പുരുഷന്റെ ശരാശരി ആയുർദൈർഘ്യം 71 ഉം സ്ത്രീയുടേത് 74 ആണെന്നും ഡാറ്റ വിശദീകരിക്കുന്നു. കൂടാതെ, ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎൻ ഡാറ്റയിൽ പറയുന്നു. ലോക ജനസംഖ്യയിൽ തന്നെ പ്രവർത്തനക്ഷമതയുള്ള ജനങ്ങളിൽ മൂന്നിൽ രണ്ടും ഇന്ത്യയിലാണെന്നും യുഎൻ ഡാറ്റയിൽ പറയുന്നുണ്ട്.
Discussion about this post