കൊച്ചി: നടി നിഖിലാ വിമലിന്റെ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ചുള്ള പരാമര്‍ശം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. എല്ലായിടത്തും താരത്തിന്റെ വാക്കുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് നിറയുന്നത്.
‘കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കളഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’ എന്നായിരുന്നു നിഖില പറഞ്ഞത്. ഇപ്പോഴിതാ നിഖിലയുടെ പരാമര്‍ശത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ ഉപാധ്യക്ഷ നുസ്രത്ത് ജഹാന്. നിഖില വിമലിന്റെ നിരീക്ഷണം അക്ഷരം പ്രതി സത്യമാണെന്ന് നുസ്രത്ത് ജഹാന് പറയുന്നു.
‘കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’ എന്ന നിഖില വിമലിന്റെ നിരീക്ഷണം അക്ഷരം പ്രതി സത്യമാണ്.
ഈ പ്രസ്താവന സ്വാഭാവികമായും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. ‘ഇതൊക്കെ എത്ര വലിയ കാര്യമാണോ?’, ‘സൗകര്യത്തിന് വേണ്ടിയുള്ള ഒരു അറേഞ്ച്മെന്റ് മാത്രമല്ലേ അത്?’ എന്നീ നിഷ്കുചോദ്യങ്ങള് മുതല്‍ ‘മുസ്ലിംകള്ക്ക് സ്വന്തം രീതികളും ചിട്ടകളും ഉണ്ടാവും, അത് പറ്റുന്നവര്‍ അങ്ങോട്ട് പോയാല്‍ മതി’ എന്ന വെല്ലുവിളി വരെ ഇക്കൂട്ടരുടെ വകയായി ഉണ്ട്.
സത്യത്തില്‍ നിഖില പറഞ്ഞത് പച്ച പരമാര്‍ത്ഥമാണ്. മുസ്ലിം വിവാഹ സത്കാരത്തിന് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ഭാഗത്തായിട്ടാണല്ലോ ഇപ്പോളും കസേരകള്‍ ഇടാറുള്ളത്. ഇനി പെണ്ണുങ്ങക്കായി നീക്കി വച്ച സ്ഥലം പോലും നിരപ്പില്ലാതെയും ചളി ഉള്ളതുപോലും ആവും. ഇപ്പൊ കാശൊക്കെ ആയപ്പൊ അതിനൊക്കെ ഒരു വ്യത്യാസമുണ്ട്.
എങ്കിലും വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴിയും പിന്നാമ്പുറത്ത് കൂടിയല്ലേ? അതുപോലെ ആദ്യം പുരുഷന്മാര്ക്ക് ഭക്ഷണം നല്‍കിയതിന് ശേഷം മാത്രം സ്ത്രീകള്‍ക്ക് അവസരം നല്കുന്ന പ്രവണതയും പൂര്‍ണമായി ഇപ്പോഴും മാറിയിട്ടില്ല.
ഭക്ഷണ ശാലയ്ക്ക് പിറകിലൂടെ വേറെ വഴി പെണ്ണുങ്ങക്കായി ഒരുക്കിയ സത്കാരങ്ങളില്‍ പോലും മുന്നിലൂടെ തന്നെ കടക്കണം എന്ന വാശി എനിക്കുണ്ടായിരുന്നു, അത് പറ്റാത്തിടത്ത് എത്തിപ്പോയാല്‍ കഴിയുന്നതും ഭക്ഷണം കഴിക്കാതെ തിരിച്ചു പോകാന്‍ ശ്രമിച്ചിരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്.
പിന്നൊരു കാര്യമുള്ളത്, ഒരു വസ്തുത പറഞ്ഞ ആ കുട്ടിയെയും സംഘിയാക്കി എന്നതാണ്. സന്തോഷം, സമാധാനം.
Discussion about this post