കര്‍ണാടക തെരഞ്ഞെടുപ്പ്: രാജ്യത്തെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍ എന്‍ നാഗരാജു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ആസ്തി 1,609 കോടി

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്‍ എന്‍ നാഗരാജു കര്‍ണാടക തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കര്‍ണാടകയിലെ ചെറുകിട വ്യവസായ മന്ത്രിയാണ് എന്‍ നാഗരാജു.

1,609 കോടി രൂപയുടെ ആസ്തിയാണ് നാഗരാജുവിന് ഉള്ളത്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഹോസ്‌കോട്ടെ മണ്ഡലത്തില്‍ നിന്നാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി നാഗരാജു ജനവിധി തേടുന്നത്.

നാമനിര്‍ദേശ പത്രികയില്‍ നാഗരാജു കര്‍ഷകനെന്നും വ്യവസായിയെന്നുമാണ് ജോലി രേഖപ്പെടുത്തിയിരിക്കുന്നത്. 536 കോടി രൂപയുടെ ജംഗമ സ്വത്തും 1073 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് നാഗരാജുവിന്റെ പേരിലുള്ളത്. 98.36 കോടി രൂപയാണ് കടമായി രേഖപ്പെടുത്തിയിരിക്കുന്നത്.

72 കാരനായ നാഗരാജു ഒന്‍പതാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസം നേടിയിട്ടുള്ളു. 2018 ല്‍ ഹോസ്‌കോട്ടെ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച വ്യക്തിയാണ് നാഗരാജു.

2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ 17 എംഎല്‍എമാരില്‍ ഒരാളാണ് നാഗരാജു. ഈ കൂറുമാറ്റമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.

Exit mobile version