ഗോതമ്പ് പാടത്ത് തീപ്പിടിച്ചു: കറ്റകള്‍ ചുമന്ന് സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് നല്‍കി പോലീസുകാരന്‍; കൈയ്യടിച്ച് സോഷ്യല്‍ലോകം

ലക്‌നൗ: കര്‍ഷകന് സഹായ ഹസ്തവുമായി പോലീസുകാരന്‍. ഉത്തര്‍പ്രദേശിലെ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

യുപി പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗോതമ്പ് കൃഷിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് കര്‍ഷകനെ സഹായിക്കാന്‍ പോലീസുകാരന്‍ വയലിലേക്കിറങ്ങി, കറ്റകള്‍ ചുമന്ന് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറാകുന്നത്.

‘ഉത്തര്‍പ്രദേശ് പോലീസ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്’ എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വൈറലായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബല്ലിയ ജില്ലയിലാണ് സംഭവം. ഒരു ഗോതമ്പ് കര്‍ഷകന്റെ വിളയ്ക്കാണ് തീപിടിച്ചത്. അവിടെ ഓടിയെത്തിയ പോലീസുകാരന്‍ തന്റെ തോളില്‍ ചുമന്നാണ് ഗോതമ്പ് കറ്റകള്‍ കൊണ്ടുപോകുന്നത്.

നമ്മുടെ കര്‍ത്തവ്യം നന്നായി ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. എന്നു പറഞ്ഞാണ് യുപി പോലീസ് ഈ ചിത്രം പങ്കുവച്ചത്. കര്‍ഷകനെ സഹായിക്കുന്ന പോലീസുകാരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version