ന്യൂഡൽഹി: ബംഗളൂരു സ്ഫോടന കേസിൽ പ്രതിയായി വിചാരണത്തടവുകരാനായി ജയിലിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കർണാടക. ഇളവ് അനുവദിച്ച് മദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്നാണ് കർണാടക ഭീകരവിരുദ്ധ സെൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ പറയുന്നു. കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തത്.
മദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നാണ് വിശദീകരണം. കേസിൽ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികൾ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തേക്കാം. മദനി സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
നേരത്തെ, ബംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായെങ്കിൽ കേസിലെ പ്രതിയായ അബ്ദുൾ നാസർ മദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചുകൂടെയെന്ന് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. മദനിയുടെ ആവശ്യം വ്യാഴാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും.