കച്ച്: ഗുജറാത്തിലെ പരമ്പരാഗത-നാടൻ ഗാനങ്ങൾ ആലപിച്ച് ഏറെ പ്രശസ്തയായ ഗായിക ഗീത ബെൻ റബാരി പാട്ടുപാടി ഇത്തവണ പണമഴ പെയ്യിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപാറിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന സംഗീതപരിപാടിയിലാണ് പണം മഴയായി പെയ്തിറങ്ങിയത്.
ഗീത ബെന്നിന്റെ ആലാപനത്തിൽ മതിമറന്ന ആസ്വാദകരാണ് പണം ഗീതയ്ക്ക് ചുറ്റും എറിഞ്ഞ് അവരെ ആശിർവദിച്ചത്. ഗീത പരിപാടി അവസാനിപ്പിക്കുമ്പോഴേക്കും 4.5 കോടി രൂപ ഇത്തരത്തിൽ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.
ഗീതയുടെ ഗാനാലാപനം അതിമനോഹരമായി തുടർന്നതോടെ സംഗീതപരിപാടിക്ക് എത്തിയവർ ഗായികയ്ക്ക് മേൽ പണം ചൊരിയുകയായിരുന്നു. കുമിഞ്ഞുകൂടിയ നോട്ടുകൾക്കു നടുവിലിരുന്ന് ഗീത റബേരി സംഗീത കച്ചേരി അവസാനിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
ഗുജറാത്തിലെ ജനപ്രിയ നാടൻപാട്ട് കലാകാരിയായ ഗീത കുട്ടിക്കാലം തൊട്ട് ഗാനാലാപന രംഗത്തുണ്ട്. ‘റോമാ സെർ മാ…’ എന്നു തുടങ്ങുന്ന ഇവരുടെ ഗാനം പ്രശസ്തമാണ്. ഗുജറാത്തിലെ കച്ചിലെ ഗ്രാമത്തിൽ ജനിച്ച ഗീത, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാട്ട് പാടി തുടങ്ങിയത്. ഭജനകളിലും നാടൻ പാട്ടുകളിലുമുള്ള കഴിവാണ് ഗീതയെ ഗുജറാത്തിലെ ഏറ്റവും ജനപ്രിയയായ ഗായികയാക്കി മാറ്റിയിരിക്കുന്നത്.
മുൻപ് അമേരിക്കൻ വേദിയിൽ ഗായിക പാട്ട് പാടി ‘ഡോളർ മഴ’ പെയ്യിച്ചതു വാർത്തയായിരുന്നു. റഷ്യൻ അധിനിവേശത്തിൽ ദുരിതം അനുഭവിക്കുന്ന യുക്രെയ്ൻ ജനതയ്ക്കായാണ് പണം സമാഹരിക്കാൻ വേണ്ടി ഗായിക പാട്ട് പാടിയത്.