ന്യൂഡൽഹി: ഫേസ്ബുക്കിലെ കുറിപ്പ് വിവാദമായതോടെ ഹിന്ദു സഹോദരീ സഹോദരന്മാരോട് മാപ്പ് ചോദിക്കുന്നുവെന്ന പ്രസ്താവനയുമായി ഗായകൻ ലക്കി അലി. ബ്രാഹ്‌മണന്മാർ ഉണ്ടായത് അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിം എന്ന വാക്കിൽ നിന്നാണ് എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് ലക്കി അലി ക്ഷമാപണം നടത്തിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് വിവാദമായ പോസ്റ്റ് ലക്കി അലി പോസ്റ്റ് ചെയ്തത്. പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായതോടെ പോസ്റ്റ് പിൻവലിച്ച് ഗായകൻ മാപ്പ് പറയുകയായിരുന്നു.
‘ബ്രാഹ്‌മണൻ’ എന്ന പേര് വന്നത് ‘ബ്രഹ്‌മ’ എന്നതിൽ നിന്നാണ്, അത് ‘അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്.. ബ്രാഹ്‌മണർ ഇബ്രാഹിമിന്റെ വംശപരമ്പരയാണ്. അലൈഹിസലാം… എല്ലാ രാഷ്ട്രങ്ങളുടെയും പിതാവ്. പിന്നെ എന്തിനാണ് എല്ലാവരു വെറുതെ വഴക്കിടുന്നത്’ – എന്നായിരുന്നു ലക്കി അലിയുടെ പോസ്റ്റ്.
പിന്നീട് പോസ്റ്റിന് നേരെ വിമർശനം രൂക്ഷമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു ലക്കി അലി. ആർക്കെങ്കിലും കോപമോ വിഷമമോ ഉണ്ടാക്കാനല്ല താൻ പോസ്റ്റ് ഇട്ടതെന്ന് ലക്കി അലി വിശദീകരിച്ചു. എല്ലാവരെയും ഒന്നിപ്പിക്കണം എന്നാണ് കരുതിയത്.
തന്റെ മുൻ പോസ്റ്റ് ഉണ്ടാക്കിയ വിവാദം മനസിലാക്കുന്നു. തന്റെ ഉദ്ദേശം ആരിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക എന്നതായിരുന്നില്ലെന്നും അങ്ങനെയുണ്ടായതിൽ താൻ ഖേദിക്കുന്നെന്നും ലക്കി അലി പറയുന്നു. എല്ലാവരേയും ഒന്നിപ്പിക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശം. പക്ഷെ താൻ ഉദ്ദേശിച്ച രീതിയിൽ അത് എങ്ങനെ സംഭവിച്ചില്ലെന്ന് താൻ മനസിലാക്കുന്നെന്നും അദ്ദേഹം കുറിച്ചു.
തന്റെ പല ഹിന്ദു സഹോദരീസഹോദരന്മാരെയും അത് വിഷമിപ്പിച്ചു എന്ന് അറിയുമ്പോഴാണ് ആ പദങ്ങൾ പ്രയോഗിക്കുന്ന സമയത്ത് കൂടുതൽ ബോധവനായിരിക്കണം എന്ന് തോന്നിയത്. അതിന് മാപ്പ് പറയുന്നു.നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നാണ് ലക്കി അലി കുറിച്ചിരിക്കുന്നത്.