ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധം വേണ്ടെന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജും ധരിച്ച് എംപിമാര്‍ എത്തുന്നത് ശരിയല്ല. ഈ വിഷയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തില്ലെന്നും സോണിയ പറഞ്ഞു.
ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തി പ്രതിഷേധിക്കാനായിരുന്നു കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മറ്റ് കോണ്‍ഗ്രസ് എംപിമാരോട് ആവശ്യപ്പെട്ടത്. ഇതിനായി ബുധനാഴ്ച സഭയില്‍ കറുത്ത ബാന്‍ഡുകള്‍ വിതരണം ചെയ്യുന്നത് സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിലക്കുമായി സോണിയ രംഗത്തെത്തിയത്. കോണ്‍ഗ്രസ് തുല്യതയ്ക്കും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്ന് എംപിമാര്‍ക്ക് താക്കീതും നല്‍കി.
പ്രാദശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധിക്കാമെന്നും ദേശീയ തലത്തില്‍ ഉയര്‍ത്തി കോണ്‍ഗ്രസിന്റെ നിലപാടുകളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയുണ്ടായിരുന്നു. ഈ കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുന്ന കാര്യത്തിലാണ് ഭിന്നത പ്രകടമായത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആലോചിച്ച ശേഷം മാത്രമാണ് തീരുമാനിക്കുക എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ കാര്യം ഉന്നയിച്ച് തങ്ങള്‍ പ്രധാനമന്ത്രിയെ കാണുമെന്നു യുഡിഎഫ് എംപിമാര്‍ അറിയിച്ചിരുന്നെങ്കിലും അതില്‍ നിന്ന് പിന്മാറിയിരുന്നു.
ദേശീയ നേതൃത്വം തടഞ്ഞതു കൊണ്ടാണ് പ്രധാനമന്ത്രിയെ കാണുന്നതില്‍ നിന്ന് എംപിമാര്‍ പിന്‍മാറിയത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ എംപിമാര്‍ ആവശ്യമുന്നയിച്ചത്. റാഫേല്‍ ഇടപാടിനെ ചൊല്ലി ബിജെപിക്കെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് കൊണ്ടിരിക്കേ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടാല്‍ വന്‍തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എംപിമാരോട് പിന്മാറാന്‍ ആവശ്യപ്പെട്ടത്.