ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 6050 പേര്‍ക്കാണ്. വെള്ളിയാഴ്ചത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 5,335 പേര്‍ക്കാണ്.
കഴിഞ്ഞ ദിവസം 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 10,11 തീയതികളില്‍ രാജ്യവ്യാപകമായി ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് വിവരങ്ങള്‍ പോര്‍ട്ടലില്‍ നിരന്തരം രേഖപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എല്ലാ സംസ്ഥാന ആരോഗ്യ മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും കോവിഡിനെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്.
Discussion about this post