ഗുവാഹത്തി: മുഗൾ ഭരണകാലത്തിന്റെ ചരിത്രശേഷിപ്പുകളായ നിർമ്മിതികളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങൾ നിർമിക്കണമെന്ന് ബിജെപി. മുഗൾ ചക്രവർത്തി ഷാജഹാൻ യഥാർഥത്തിൽ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യവും അന്വേഷിക്കണമെന്നും അസമിലെ ബിജെപി എംഎൽഎ രൂപ്ജ്യോതി കുർമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
രൂപ്ജ്യോതി കുർമിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമായിരിക്കുകയാണ്. താജ്മഹലും കുത്തബ്മിനാറും ഉടൻ പൊളിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങൾ പണിയണം. ലോകത്തെ മറ്റ് സ്മാരകങ്ങൾക്കൊന്നും അടുക്കാൻ കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യകളായിരിക്കണം രണ്ട് ക്ഷേത്രങ്ങൾക്കുമുണ്ടായിരിക്കേണ്ടത്, എന്നാണ് രൂപ് ജ്യോതി പറയുന്നത്.
ഭാര്യ മുംതാസിന്റെ മരണശേഷം ഷാജഹാൻ വീണ്ടും മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോടത്ര സ്നേഹമുണ്ടായിരുന്നെങ്കിൽ വീണ്ടുമെന്തിനാണ് വിവാഹം കഴിച്ചതെന്നും രൂപ്ജ്യോതി കുർമി ചോദിക്കുന്നുണ്ട്.
ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുപയോഗിച്ചാണ് താജ്മഹൽ നിർമിച്ചതെന്നും രൂപ് ജ്യോതി ആരോപിച്ചു. കഴിഞ്ഞ ദിവസം മുഗൾ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കി എൻസിഇആർടി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചിരുന്നു. ഈ നടപടി വലിയ വിവാദമായതിന് പിന്നാലെയാണ് എംഎൽഎയുടെ വിവാദ പരാമർശം.