ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി ബിജെപിക്ക് സൂപ്പർ താരങ്ങളുടെ പിന്തുണ. കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദർശൻ തുഗുദീപയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ കിച്ച സുദീപ് ബിജെപിയിൽ ചേർന്ന് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ, ബിജെപി പ്രവേശനം ഇപ്പോഴില്ലെന്ന് കിച്ച സുദീപ് വ്യക്തമാക്കി രംഗത്തെത്തി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് സ്ഥാനാർത്ഥികളുടെയും മണ്ഡലത്തിലെത്തി പ്രചാരണം നടത്തുമെന്ന് കിച്ച സുദീപ് അറിയിച്ചു.
നേരത്തെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ഇരുവരും ഇന്ന് അംഗത്വമെടുക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രചാരണത്തിനാണ് ഈ ഘട്ടത്തിൽ കിച്ച സുദീപ് എത്തുന്നത്. കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താര പ്രചാരകർ ആയിരിക്കും കിച്ച സുദീപും ദർശൻ തുഗുദീപയും.
നേരത്തെ, ഫെബ്രുവരി മാസത്തിൽ കർണാടക കോൺഗ്രസ് തലവൻ ഡി കെ ശിവകുമാർ കിച്ച സുദീപിനെ സന്ദർശിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു. നടന്നത് സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു അന്ന് കിച്ച സുദീപും ശിവകുമാറുമായി അടുത്ത വൃത്തങ്ങളും വിശദീകരിച്ചിരുന്നത്.
മെയ് 10 നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ നടക്കുക. കോൺഗ്രസും ജെഡിഎസും സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 8 ന് ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്തുവരും.
Discussion about this post