റായ്പുര്‍: വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ച് വരനും വരന്റെ സഹോദരനും ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്ക്. ഛത്തീസ്ഗഢിലെ കവാര്‍ഡയിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു അപകടം.
ഹെമേന്ദ്ര മെരാവി എന്ന 22-കാരന് ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹിതനായത്. തിങ്കളാഴ്ച മെരാവിയും കുടുംബവും തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ലഭിച്ച ഹോം തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ ഫ്ളാറ്റിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. മെരാവി അപകടസമയത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ സഹോദരന് രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയടക്കം മറ്റ് നാല് പേര് നിലവില്‍ ചികിത്സയിലാണ്.
പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് പോലീസ് കണ്ടെത്തിയിട്ടില്ല. സംഭവം പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. മധ്യപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് നില്ക്കുന്ന ഈ പ്രദേശം മാവോയിസ്റ്റ് ബാധിത മേഖലയിലാണ്.
Discussion about this post