ലക്‌നൗ: ഏപ്രില്‍ 22നകം ഔദ്യോഗിക വസതി ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി. ഈ സാഹചര്യത്തില്‍ രാഹുലിന് ക്ഷേത്രപരിസരത്ത് വീട് നല്‍കാമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് അയോദ്ധ്യയിലെ ഹനുമാന്‍ഗാര്‍ഹി ക്ഷേത്രപുരോഹിതന്‍.
അപകീര്‍ത്തിക്കേസില്‍ അയോഗ്യനാക്കപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പിന്തുണയറിയിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ മഹന്ദ് ഗ്യാന്‍ ദാസിന്റെ മകനായ മഹന്ദ് സഞ്ചയ് ദാസ് ആണ്.
also read: കിണര്‍ നിര്‍മ്മാണത്തിനിടെ കല്ലുകളും മണ്ണും അടര്‍ന്നുവീണു, ഗുരുതരമായി പരിക്കേറ്റ 50കാരന് ദാരുണാന്ത്യം
പുണ്യനഗരത്തിലേയ്ക്ക് ക്ഷേത്ര ദര്‍ശകര്‍ രാഹുലിനെ സ്വാഗതം ചെയ്യുകയാണെന്നും സഞ്ചയ് ദാസ് പറഞ്ഞു. ‘രാഹുല്‍ ഗാന്ധി അയോദ്ധ്യയില്‍ വന്ന് ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ക്ഷേത്രപരിസരത്തായി ധാരാളം ആശ്രമങ്ങളുണ്ട്. അദ്ദേഹം ആശ്രമത്തില്‍ താമസിക്കണം. ഇത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും’- സഞ്ചയ് ദാസ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി 2016ല്‍ ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തിലെത്തുകയും മഹന്ദ് ഗ്യാന്‍ ദാസില്‍ നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് അയോദ്ധ്യയിലെ രാംജന്മഭൂമി ക്ഷേത്രത്തിന്റെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസും അനുഗ്രഹം നല്‍കിയിരുന്നു.