ചെന്നൈ: കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതിയില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഡയാര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഹരി പത്മനെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപകന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. അധ്യാപകന്റെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയില്‍ നിര്‍ത്തിപ്പോവുകയായിരുന്നുവെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കലാക്ഷേത്രയിലെ സജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നീ മൂന്ന് അധ്യാപകര്‍ക്കെതിരേയും പരാതി ഉയര്‍ന്നിരുന്നു. ഈ പരാതികളില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പോലീസ് കേരളത്തിലെത്തി വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നൂറിലധികം പരാതികളാണ് കലാക്ഷേത്രയില്‍ നിന്ന് വനിതാ കമ്മീഷന് ലഭിച്ചത്. പരാതികളില്‍ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വ്യഴാഴ്ച പ്രതിഷേധം തുടങ്ങിയിരുന്നു.
അധ്യാപകരില്‍ നിന്ന് വര്‍ഷങ്ങളായി ലൈംഗിക പീഡനവും അധിക്ഷേപവും നേരിടേണ്ടി വന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എ എസ് കുമാരി വെള്ളിയാഴ്ച കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതല്‍ കാമ്പസില്‍ പീഡനം നേരിട്ടതായി പല വിദ്യാര്‍ത്ഥികളും പറഞ്ഞു. ലൈംഗികാതിക്രമം ഉള്‍പ്പെടെ നൂറോളം പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങള്‍ നടപടിയെടുക്കുമെന്നും എ എസ് കുമാരി പറഞ്ഞിരുന്നു.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.