മുംബൈ: ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരേണ്ടതല്ലേ ആ വിദ്യാഭ്യാസ സ്ഥാപനം എന്ന് താക്കറെ ചോദിക്കുന്നു.
ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടാന്‍ ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയ സാഹചര്യത്തിലാണ് താക്കറെയുടെ പ്രതികരണം.
‘ബിരുദധാരികളായ നിരവധി പേര്‍ ഈ രാജ്യത്ത് തൊഴില്‍രഹിതരാണ്. അതേസമയം പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്പോള്‍ പിഴ ഈടാക്കുന്ന സാഹചര്യവും. പ്രധാനമന്ത്രി നരേന്ദ്ര മോഡി പഠിച്ചതെന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരാന്‍ ആ സ്ഥാപനം എന്തുകൊണ്ടാണ് തയ്യാറാവാത്തത്.?’ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ചോദിച്ചു.
ബിരുദ വിവരങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയിട്ടത്. ഗുജറാത്ത് സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലാണ് കെജ്രിവാള്‍ പിഴ ഒടുക്കേണ്ടത്. 2016 ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടാന്‍ സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചത്.
തുടര്‍ന്ന് സര്‍വ്വകലാശാല തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഴ ചുമത്തിയതിന് പിന്നാലെ മോഡിയെ കടന്നാക്രമിച്ച് കെജ്രിവാള്‍ വീണ്ടും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എത്രത്തോളം വിദ്യാസമ്പന്നനാണ് എന്നറിയാനുള്ള അവകാശം പോലും ജനങ്ങള്‍ക്കില്ലേയെന്നായിരുന്നു കെജ്രിവാള്‍ പ്രതിഷേധമറിയിച്ച് ചോദിച്ചത്.