‘വിടുതലൈ’ കാണാന്‍ കുട്ടികളുമായി എത്തി: ആക്ടിവിസ്റ്റ് വലര്‍മതിക്കെതിരെ കേസ് എടുത്ത് പോലീസ്

ചെന്നൈ: ‘വിടുതലൈ’ ചിത്രം കാണാന്‍ കുട്ടികളുമായി എത്തിയ സ്ത്രീയ്ക്ക് എതിരെ കേസ് എടുത്ത് തമിഴ്‌നാട് പോലീസ്. ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ കാരണം സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. അതിനാല്‍ തന്നെ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ചിത്രം കാണുവാന്‍ കഴിയൂ.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ സ്വന്തം കുട്ടികളുമായി എത്തി ചിത്രം കണ്ട സാമൂഹ്യ പ്രവര്‍ത്തക വലര്‍മതിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കുട്ടികള്‍ എന്റേതാണ്. അവര്‍ എന്തു കാണണം കാണേണ്ട എന്നത് ഞാന്‍ തീരുമാനിക്കും. സഹജീവികളുടെ വേദന പറയുന്നതാണ് ഈ സിനിമ അത് അവര്‍ കാണേണ്ടതാണ് അതില്‍ നിന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ല. അര്‍ദ്ധ നഗ്‌നരായ യുവതികളുടെ ഡാന്‍സുള്ള എത്ര ചിത്രങ്ങള്‍ ഇവിടെ കളിക്കുന്നു. കുട്ടികള്‍ കാണുന്നു. അതില്‍ പ്രശ്‌നമില്ലല്ലോ അതിനാല്‍ ഇതിലും ഇല്ല’, വലര്‍മതി പോലീസിനോട് വാദിച്ചു.

കഴിഞ്ഞ ദിവസമാണ് വലര്‍മതിയും കുടുംബവും വിടുതലൈ കാണാന്‍ തിയേറ്ററില്‍ എത്തിയത്. എന്നാല്‍ കുട്ടികള്‍ ഉള്ളതിനാല്‍ തിയേറ്ററിലെ സ്റ്റാഫ് ടിക്കറ്റ് എടുത്തിട്ടും ഇവരെ തടഞ്ഞു. എന്നാല്‍ അത് വക വയ്ക്കാതെ ഇവര്‍ കുട്ടികളുമായി തിയേറ്ററില്‍ കയറി. ഉടനെ തിയേറ്റര്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

സൂരി, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ‘വിടുതലൈ’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയ്യേറ്ററിലെത്തിയത്. തമിഴ്‌നാട്ടില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ 10 കോടിയോളം രൂപ നേടിയതായാണ് റിപോര്‍ട്ട്.

Exit mobile version