തെലങ്കാന: ഇരട്ടകള്‍ എപ്പോഴും അപൂര്‍വ്വ കാഴ്ചയാണ്. കാണാന്‍ ഒരുപോലിരിക്കുന്ന അവരുടെ ചില സ്വഭാവങ്ങളും സമാനമായി സംഭവിക്കാറുണ്ട്. ഇരട്ടകളുടെ വിവാഹം ഒരു ദിവസം നടക്കുന്നതെല്ലാം സാധാരണമാണ്. എന്നാല്‍ ഒരേ ദിനം തന്നെ കുഞ്ഞുങ്ങള്‍ പിറക്കുന്നത് അത്ര സുപരിചിതമല്ല. അത്തരം ഒരു കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ജനിച്ചത് ഒരേദിവസം, വിവാഹം കഴിഞ്ഞതും ഒരേ ദിവസം, ഒടുവില്‍ ഒരേ ആശുപത്രിയില്‍ ഒരേ ദിവസം ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇരട്ടകളാണ് ശ്രദ്ധേയമാകുന്നത്. തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള ഇരട്ടകളാണ് അപൂര്‍വ്വതയുമായി വാര്‍ത്തകളില്‍ ഇടം നേടിയത്.
വാറങ്കലിലെ ഇരട്ടസഹോദരിമാരായ രമയും ലളിതയുമാണ് ഒരേദിവസം തന്നെ പ്രസവിച്ചത്. ദുഗ്ഗോണ്ടി തിമ്മാംപേട്ട ഗ്രാമത്തിലെ ബോന്തു സരയ്യയുടെയും കൊമാരമ്മയുടെയും മക്കളാണ് ലളിതയും രമയും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം.
കോലന്‍പള്ളി ഗ്രാമത്തിലെ നാഗരാജുവുമായാണ് ലളിതയുടെ വിവാഹം കഴിഞ്ഞത്.
തിമ്മംപേട്ടയിലെ ഗോലന്‍ കുമാറുമായി രമയുടെ വിവാഹം. യാദൃച്ഛികമായി മാര്‍ച്ച് 30ന് നര്‍സമാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇരുവരും ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇരട്ടകളുടെ അപൂര്‍വ വാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി കെസിആര്‍ സമ്മാനവും അയച്ചു.നര്‍സാംപേട്ട് നിയമസഭാംഗം പെഡ്ഡി സുദര്‍ശന്‍ റെഡ്ഡി ആശുപത്രിയിലെത്തി ‘കെസിആര്‍ കിറ്റ്’ സമ്മാനിച്ചു.
പ്രസവവേദന അനുഭവപ്പെട്ട രണ്ട് പേരെയും അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതികളെ പരിശോധിച്ച ശേഷം സാധാരണ പ്രസവത്തിനായി കാത്തിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്കും ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നു. മാര്‍ച്ച് 30നായിരുന്നു ഇരുവരുടെയും പ്രസവം.