പട്‌ന: സര്‍ക്കാര്‍ ആശുപത്രിയിലെ ബെഡില്‍ ഗോതമ്പ് കഴുകി ഉണക്കാനിട്ട് ജീവനക്കാര്‍. ബിഹാറിലെ പശ്ചിം ചമ്പാരന്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ദുരവസ്ഥയുടെ ദൃശ്യമാണ് പുറത്തുവന്നത്. ജെഡിയു എംഎല്‍എ റിങ്കു സിംഗ് സന്ദര്‍ശിച്ചപ്പോഴാണ് ആശുപത്രിയുടെ അവസ്ഥ പുറത്തുവന്നത്.
തകഹാര വില്ലേജിലെ സിഎച്ച്‌സിയില്‍ എംഎല്‍എ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ആശുപത്രിയിലെ കെടുകാര്യസ്ഥത വ്യക്തമായത്. കൂടാതെ, സിഎച്ച്‌സിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്നതായും മരുന്നുകള്‍ ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്നതായും എം.എല്‍.എ കണ്ടെത്തി.
‘ആശുപത്രി ജീവനക്കാര്‍ ഗോതമ്പ് ഉണക്കാന്‍ കിടക്കകള്‍ ഉപയോഗിക്കുന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡുകളില്‍ അഴുക്കും പൊടിയും കുന്നുകൂടിക്കിടക്കുകയാണ്. മരുന്നുകള്‍ ചവറ്റുകുട്ടകളില്‍ വലിച്ചെറിയുകയും ഓപ്പറേഷന്‍ തിയേറ്റര്‍ സ്റ്റോര്‍ റൂമായി ഉപയോഗിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടതെന്നും എം.എല്‍.എ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഎച്ച്സിയില്‍ പൂര്‍ണ്ണമായ കെടുകാര്യസ്ഥതയാണ് നടക്കുന്നത്. നിരവധി ഡോക്ടര്‍മാരും നഴ്സുമാരും ഇല്ലെന്ന് കണ്ടെത്തി. ഇത് ഇനിയും തുടരാന്‍ അനുവദിക്കാനാവില്ല. ജില്ലാ മജിസ്‌ട്രേറ്റിനെയും സിവില്‍ സര്‍ജനെയും കാണുമെന്നും പരാതിപ്പെടുമെന്നും ധീരേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു.