ഹരിയാന: 30 കോടിയുടെ ആസ്തിയുള്ള മകന്‍ തിരിഞ്ഞു നോക്കാത്തതില്‍ മനംനൊന്ത് വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ഹരിയാനയിലെ ബാദ്ര ശിവ് കോളനിയില്‍ താമസിക്കുന്ന ജഗ്ദീഷ് ചന്ദ്ര ആര്യ (78) ബാഗ്‌ലി ദേവി (77) എന്നിവരാണ് വീട്ടില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്. മകന് 30 കോടിയുടെ സമ്പാദ്യമുണ്ടായിട്ടും തങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.
മറ്റൊരു മകനായ മഹേന്ദ്രന്റെ കൂടെയാണ് ആദ്യം താമസിച്ചിരുന്നത്. എന്നാല്‍, ആറ് വര്‍ഷം മുമ്പ് അവന്‍ മരിച്ചതോടെ ഭാര്യ തങ്ങളെ പുറത്താക്കി. ശേഷം രണ്ട് വര്‍ഷം വൃദ്ധസദനത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരായി. ഭാര്യ കിടപ്പിലായതോടെ മകന്‍ വീരേന്ദറിന്റെ വീട്ടില്‍ അഭയം തേടി.
എന്നാല്‍, വലിയ സമ്പാദ്യമുണ്ടായിട്ടും തങ്ങള്‍ക്ക് നല്‍കിയിരുന്നത് പഴകിയ ഭക്ഷണമായിരുന്നു. അവഗണന സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
തങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍ മകന്‍ വീരേന്ദറും രണ്ട് മരുമക്കളുമാണ്. ഇവരെ ശിക്ഷിക്കണം. തങ്ങളുടെ പേരിലുള്ള സ്വത്ത് ഇവര്‍ക്ക് നല്‍കരുതെന്നും ആര്യ സമാജത്തിന് നല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
അതേസമയം, രോഗത്തിന്റെ പ്രയാസങ്ങള്‍ കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് വീരേന്ദര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.