അഹമ്മദാബാദ്: ആം ആദ്മി പാർട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാജ്യ വ്യാപകമായി നടത്തുന്ന പോസ്റ്റർ പ്രചാരണത്തിൽ അറസ്റ്റ്. എട്ട് പേരെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ‘മോഡി ഹഠാവോ, ദേശ് ബച്ചാവോ’ (മോഡിയെ നീക്കം ചെയ്യുക, ഇന്ത്യയെ രക്ഷിക്കൂ) എന്ന പോസ്റ്ററുകൾ പതിപ്പിച്ചതിനാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് എതിരെ അപകീർത്തികരമായ പോസ്റ്ററുകൾ ഉപയോഗിച്ചെന്നും പൊതുമുതൽ നശിപ്പിച്ചതായുമാണ് ഇവർക്കെതിരെയുള്ള കേസ്. അഹമ്മദാബാദിലെ മണിനഗർ, ഇസാൻപൂർ, വത്വ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഡൽഹിയിൽ മോഡി ഹഠാവോ, ദേശ് ബച്ചാവോ എന്ന പോസ്റ്ററുകൾ പതിച്ചതിന് പിന്നാലെ നടന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് മോഡിക്കെതിരെ എഎപി പോസ്റ്റർ യുദ്ധവുമായി രംഗത്തെത്തിയത്.
രാജ്യത്തുടനീളം 11 ഭാഷകളിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനാണ് ആപ്പ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി മോഡിയുടെ വിദ്യാഭ്യാസ യോഗ്യതകളെ ലക്ഷ്യം വച്ചുള്ള ‘ക്യാ ഭാരത് കെ പിഎം കോ പധേ ലിഖേ ഹോനാ ചാഹിയേ?’ (ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ആവശ്യമുണ്ടോ) എന്ന തലക്കെട്ടോടു കൂടിയ പോസ്റ്ററുകളാണ് പ്രധാനമായും പ്രചരിപ്പിക്കുന്നത്.
Discussion about this post