ഭോപ്പാല്‍: ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 35 മരണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നടുക്കുന്ന സംഭവം. ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ കിണറാണ് രാമനവമി ആഘോഷത്തിനിടെ തകര്‍ന്നത്. അപകടത്തില്‍ പരിക്കേറ്റ 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ട ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. ഇയാള്‍ക്കായി എന്‍ഡിആര്‍എഫും സൈന്യവും അടക്കമുള്ളവര്‍ തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ രാമ നവമിയോടനുബന്ധിച്ച് വലിയ തിരക്കായിരുന്നു.
ഇതിനിടെയാണ് 60 അടിയോളം താഴ്ചയുള്ള ക്ഷേത്രക്കിണര്‍ തകര്‍ന്നത്. കല്‍പ്പടവോടു കൂടിയ കിണറിന്റെ മേല്ക്കൂര തകര്‍ന്നാണ് അപകടം സംഭവിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ, ക്ഷേത്രക്കിണറിന്റെ മേല്‍ഭാഗം മൂടിക്കൊണ്ടുള്ള നിര്‍മിതി ഇടിഞ്ഞുവീഴുകയായിരുന്നു.
സംഭവത്തില് മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു. പരിക്കേറ്റവര്ക്ക് അരലക്ഷം രൂപ വീതം നല്കും.
Discussion about this post