വാരാണസി: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടിസ് ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നിരവധി നേതാക്കൾ രംഗത്ത്. ഉത്തർപ്രദേശിലെ വാരാണസിയിലെ മുതിർന്ന നേതാവ് അജയ് റായ് തന്റെ വീട് രാഹുൽ ഗാന്ധിയുടേതാണ് എന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
‘മേരാ ഘർ, രാഹുൽ ഗാന്ധി കാ ഘർ’ (എന്റെ വീട്, രാഹുൽ ഗാന്ധിയുടെയും) എന്ന ബോർഡാണ് അജയ് റായും ഭാര്യയും വീടിനുമുന്നിൽ ഉയർത്തിയത്. ലാലുറാബിർ പ്രദേശവാസിയായ മുൻ എംഎൽഎ കൂടിയായ അജയ് റായ് ഇവിടെയുള്ള വസതിക്ക് മുന്നിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 2014ലും 2019ലും വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് അജയ് റായ്.
”രാജ്യത്തെ ഏകാധിപതികൾക്ക് രാഹുൽ ഗാന്ധിയുടെ വീട് തട്ടിയെടുക്കണമെന്നാണ് ആഗ്രഹം. പക്ഷേ അവർക്ക് അറിയില്ല, കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വീടുകൾ രാഹുൽ ഗാന്ധിയുടേതാണെന്ന്. ബാബാ വിശ്വനാഥിന്റെ നഗരത്തിലെ ഈ വീട് ഞങ്ങൾ അദ്ദേഹത്തിനായി സമർപ്പിക്കുന്നു” അജയ് റായ് പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് എംപിയെന്ന നിലയിൽ അനുവദിച്ചിരിക്കുന്ന വീട് ഏപ്രിൽ 22നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടിസ് ലഭിച്ചിരുന്നു. 2005 മുതൽ താമസിക്കുന്ന 12, തുഗ്ലക് ലെയ്നിലെ വീട് ഒഴിയുമെന്ന് രാഹുൽ ഗാന്ധി പിന്നാലെ അറിയിക്കുകയും ചെയ്തു.
Discussion about this post