ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് നിഖാത് സരിന്‍. 50 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് നിഖാത് അഭിമാന താരമായത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമത്തെ സുവര്‍ണ്ണ നേട്ടമാണ് നിഖാതിന്റേത്.
ഒരു ലക്ഷം യുഎസ് ഡോളറും (82 ലക്ഷം ഇന്ത്യന്‍ രൂപ) മഹീന്ദ്രയുടെ ഒരു ഥാറുമാണ് നിഖാതിന് സമ്മാനമായി ലഭിച്ചത്. സമ്മാനത്തുക കൊണ്ട് ബെന്‍സ് കാര്‍ വാങ്ങണമെന്നായിരുന്നു നിഖാതിന്റെ സ്വപ്നം.
എന്നാലിപ്പോള്‍ ആ സ്വപ്‌നം തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് നിഖാത്. നിക്ക് ലഭിച്ച സമ്മാനത്തുക കൊണ്ട് മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണമെന്നാണ് ആഗ്രഹമെന്ന് താരം പറയുന്നു.
‘ബെന്‍സ് വാങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇപ്പോള്‍ എനിക്ക് ഥാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ബെന്‍സ് മോഹം തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയാണ്. എനിക്ക് എന്റെ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം. ഈ കാര്യം വീട്ടിലെത്തി അവരോട് സംസാരിക്കണം’, അഭിമാനനേട്ടത്തിന് ശേഷം നിഖാത് പറഞ്ഞു.
ഫൈനലില്‍ വിയറ്റ്‌നാമിന്റെ നുയന്‍ തി ടാമിനെയാണ് നിഖാത് സരിന്‍ പരാജയപ്പെടുത്തിയത്. 5-0 എന്ന സ്‌കോറിന്റെ ആധികാരിക വിജയത്തോടെയാണ് നിഖാത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്.
ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ 2022 ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം നേടിയിരുന്നു