ന്യൂഡല്‍ഹി: എംപി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും നടപടി. ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി. ലോക്സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.
ഒരു മാസത്തിനകം വീടൊഴിയണമെന്നാണ് നോട്ടീസ്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
മോഡി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തില്‍ മോഡി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.