ലക്നൗ: പരിക്കേറ്റ നിലയില്‍ വയലില്‍ നിന്ന് ലഭിച്ച സാരസ കൊക്കിനെ പരിചരിച്ച് അസുഖം മാറ്റിയ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സംഭവം. ആരിഫ് ഖാന് ഗുര്‍ജാന്‍ എന്ന യുവാവിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.
അമേത്തിയിലെ മന്ദേഖ ഗ്രാമത്തില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന ആരിഫിനെ പിന്തുടരുന്ന സാരസ് കൊക്കിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആരിഫ് എവിടെപ്പോയാലും പക്ഷി പിന്നാലെ പറന്നെത്തുന്ന കാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതിനു പിന്നാലെ ആരിഫിന്റെ വീട്ടില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എത്തുകയും ആരിഫിനോടും കൊക്കിനോടും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതിന് തൊട്ടു പിന്നാലെ ആരിഫിന്റെ വീട്ടിലെത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് 21ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊക്കിനെ ആരിഫിന്റെ വീട്ടില്‍ നിന്ന് കൊണ്ടുപോയി. പക്ഷിയെ റായ്ബറേലിയിലെ സമസ്പുര്‍ പക്ഷി സങ്കേതത്തില്‍ വിട്ടിരിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
ശനിയാഴ്ച വനംവകുപ്പ് ആരിഫ് ഖാന് ഒരു നോട്ടീസ് അയച്ചു. ഗൗരിഗഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് മുമ്പാകെ ഏപ്രില്‍ നാലിന് ഹാജരായി മൊഴി രേഖപ്പെടുത്തണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ഗൗരിഗഞ്ച് അസിസ്റ്റന്റ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രണ്‍വീര്‍ സിങ് അയച്ച നോട്ടീസില്‍ ആരിഫ് ഖാനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം അമേത്തിയിലെ കൃഷിയിടത്തില്‍ നിന്നാണ് കാലിന് പരിക്കേറ്റ നിലയില്‍ സാരസ കൊക്കിനെ ആരിഫിന് ലഭിക്കുന്നത്. കൊക്കിനെ ആരിഫ് വീട്ടില്‍ കൊണ്ടുപോയി ദിവസങ്ങളോളം ശുശ്രൂഷിച്ച് പരിക്ക് ഭേദമാക്കി. പിന്നീട് ആരിഫ് അതിനെ സ്വതന്ത്ര്യമാക്കിയെങ്കിലും അത് ആരിഫിനെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല.
പക്ഷി പകലൊക്കെ കറങ്ങി നടന്ന് വൈകീട്ട് ആരിഫിന്റെ വീട്ടില്‍ തിരിച്ചെത്തും. ആരിഫ് എവിടെപ്പോയാലും പക്ഷി പിന്തുടരും. 25-30 കിലോമീറ്റര്‍ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്താറുണ്ട്. ഒടുവില്‍ അത് ആരിഫിന്റെ വീട്ടിലെ അംഗത്തെ പോലെയായി. പീയുഷ് റായ് ആണ് അപൂര്‍വ സൗഹൃദത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ വാര്‍ത്ത വൈറലായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൊക്കിനെ കൊണ്ടുപോയി കേസെടുത്തത്.
നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം പക്ഷിയാണ് സാരസ് കൊക്ക്. ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.
Discussion about this post