ന്യൂഡല്‍ഹി: മോഡി എന്നതിന്റെ അര്‍ഥം അഴിമതി എന്നാക്കി മാറ്റാമെന്ന ബിജെപി നേതാവ് ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്രമാത്രം നിരാശരാണെന്ന് തന്റെ പഴയ ട്വീറ്റ് ഉയര്‍ത്തിക്കാട്ടുന്നതിലൂടെ വ്യക്തമായെന്ന് ഖുശ്ബു പ്രതികരിച്ചു.
‘ഞാന്‍ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ പോസ്റ്റ് ചെയ്ത ‘മോഡി’ ട്വീറ്റിന്റെ പേരില്‍ ലജ്ജിക്കുന്നില്ല. ഞാന്‍ നേതാവിനെ പിന്തുടരുകയും ആ പാര്‍ട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്തത്’- ഖുശ്ബു പറഞ്ഞു.
മോഡി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ കോടതി വിധിക്കുകയും പിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോഡിയെ കുറിച്ചുള്ള ഖുശ്ബുവിന്റെ സമാനമായ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയത്.
2018ല്‍ ഖുശ്ബു ട്വീറ്റ് ചെയ്തതിങ്ങനെ- ‘മോഡി എന്നതിന്റെ അര്‍ത്ഥം നമുക്ക് അഴിമതി എന്ന് മാറ്റാം. നീരവ്, ലളിത്, നമോ = അഴിമതി’ എന്നായിരുന്നു ഖുശ്ബു ട്വീറ്റ് ചെയ്തത്.
Yahan #Modi wahan #Modi jahan dekho #Modi..lekin yeh kya?? Har #Modi ke aage #bhrashtachaar surname laga hua hai..toh baat ko no samjho..#Modi mutlab #bhrashtachaar..let's change the meaning of #Modi to corruption..suits better..#Nirav #Lalit #Namo = corruption..👌👌😊😊
— KhushbuSundar (@khushsundar) February 15, 2018
രാഹുലിനെതിരെ അപകീര്‍ത്തി കേസ് നല്‍കിയ ബിജെപി സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി ഖുശ്ബുവിനെതിരെ പരാതി നല്‍കുമോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയത്. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ചോദ്യം ഉയര്‍ത്തിയത്.
2020ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു നിലവില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമാണ്. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ കുറിച്ച് ഖുശ്ബു പ്രതികരിച്ചതിങ്ങനെ- ‘നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു പാര്‍ലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. പോസിറ്റീവായി ചിന്തിക്കുക. നിഷേധാത്മകത എവിടെയും എത്തിക്കില്ല’ എന്നാണ് ഖുശ്ബു പറഞ്ഞത്.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ് ഗുജറാത്തിലെ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. എല്ലാ കള്ളന്മാര്‍ക്കും മോഡി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ലളിത് മോദി, നീരവ് മോഡി, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.